റിയാദ്: സൗദി എയർലൈൻസ് (സൗദിയ) 20 എയർബസ് വൈഡ് ബോഡി വിമാനങ്ങൾ വാങ്ങും. ഫ്രഞ്ച് കമ്പനിയായ എയർബസുമായി സൗദിയ ഗ്രൂപ്പ് കരാർ ഒപ്പുവെച്ചു. പുതിയ വൈഡ്-ബോഡി എയർ ക്രാഫ്റ്റ് എ330 നിയോ മോഡൽ വിമാനങ്ങളാണ് വാങ്ങുന്നത്. ഗ്രൂപ്പിന്‍റെ ബജറ്റ് എയർലൈനായ ഫ്ലൈഅദീലിനുവേണ്ടിയാണ് 10 വിമാനങ്ങൾ. കാര്യക്ഷമത, ദീർഘദൂര പരിധി, വഴക്കം എന്നിവയാണ് ഈ മോഡലിെൻറ സവിശേഷത. ഗ്രൂപ്പിെൻറ പ്രവർത്തന വ്യാപ്തി വികസിപ്പിക്കാനും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനുമുള്ള തന്ത്രത്തിന് അനുസൃതമായാണ് ഇൗ കരാർ.
ഫ്രാൻസിലെ ടൗലൗസിലെ എയർബസ് ഫാക്ടറിയിൽ സൗദിയ ഗ്രൂപ്പിന്‍റെ ജനറൽ മാനേജർ എൻജി. ഇബ്രാഹിം അൽഉമറിെൻറയും എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെയും സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫ്ലീറ്റ് മാനേജ്‌മെൻറ് അസിസ്റ്റൻറ് ജനറൽ മാനേജർ സ്വാലിഹ് ഈദ്, എയർബസ് കൊമേഴ്സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ബെനോയിറ്റ് ഡി. സെൻറ് എക്‌സ്പെരി എന്നിവരാണ് കരാർ ഒപ്പുവെച്ചത്. വിമാനം എത്തിച്ചേരുന്ന തീയതികളും നിർണയിച്ചു. ആദ്യ ബാച്ച് 2027ലും അവസാനത്തേത് 2029ലും എത്തും.
Leave a Reply