Advertisement

നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ; ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിച്ചു

ദില്ലി: നയതന്ത്രരംഗത്തെ ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പകച്ച് പാകിസ്ഥാൻ. സിന്ധു നദീജലകരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മുന്നറിയിപ്പ് നല്കി. ഷിംല കരാറിൽ നിന്ന് തല്ക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യാമ മേഖല അടയ്ക്കും. വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ പാക് പൗരൻമാരോട് ‍29നകം മടങ്ങാൻ നിർദ്ദേശിച്ചു.

സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ കൈക്കൊണ്ട അസാധാരണ നീക്കം പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. ഇതു കൊണ്ട് ഒന്നും അവസാനിച്ചില്ല എന്ന സന്ദേശം നൽകി കൊണ്ടാണ് ഇന്ത്യ പാക് പൗരൻമാർക്കുള്ള വീസ നിറുത്തിവയ്ക്കുന്നു എന്ന് ഇന്നാവർത്തിച്ചത്.

മെഡിക്കൽ വീസ ഉള്ള പാകിസ്ഥാനികൾ അടക്കം 29ന് മുമ്പ് മടങ്ങണം എന്നും ഇന്ത്യ നിർദ്ദേശിച്ചു. സാഹചര്യം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സേന മേധാവിമാരും പങ്കെടുത്തു. സിന്ധു നദീജല കരാർ ലംഘിക്കുകയോ പാകിസ്ഥാനുള്ള ജലം തടഞ്ഞു വയ്ക്കുകയോ ചെയ്യുന്നത് യുദ്ധമായി കണക്കാക്കും എന്നാണ് പാകിസ്ഥാൻറെ ഭീഷണി.

പാകിസ്ഥാൻറെ പരമാധികാരം ലംഘിച്ചാൽ കനത്ത തിരിച്ചടി നൽകും എന്നും യോഗം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. വാഗ ചെക്ക്പോസ്റ്റ് പാകിസ്ഥാൻ അടയ്ക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി വയ്ക്കും. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനങ്ങൾക്ക് പാകിസ്ഥാനു മുകളിലൂടെ പറക്കാനുള്ള അനുമതി നൽകേണ്ടെന്നും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *