Advertisement

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.  ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു.

ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *