Advertisement

സിപിഎംനെ ഇനി എം.എ.ബേബി; ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി

മധുര: സിപിഎം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇഎംഎസിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി.

ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.  ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.

മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *