Advertisement

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും, 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു

ന്യൂഡൽഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു.

12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്.

ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.

ബില്ലിലെ വ്യവസ്ഥകളിൽ കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി.സന്തോഷ് കുമാർ, പി.പി. സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.

എൻഡിഎയിലും ഇന്ത്യാ സഖ്യത്തിലുമില്ലാത്ത കക്ഷികളുടെ നിലപാടു സംബന്ധിച്ചാണ് രാജ്യസഭയിൽ ആകാംക്ഷ ഉയർന്നത്. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ല. ബില്ലിനെ എതിർക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോടു നിർദേശിച്ചു.

ലോക്സഭയിൽ സാന്നിധ്യമില്ലാത്ത ബിജെഡിക്ക് രാജ്യസഭയിൽ 7 എംപിമാരുണ്ട്. 7 അംഗങ്ങളുള്ള വൈഎസ്ആർ കോൺഗ്രസും 4 വീതം അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും ബിആർഎസും ബില്ലിനെ എതിർത്തു.

വഖഫ് ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്ന വ്യവസ്ഥയെ പിന്തുണച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പക്ഷേ, ബില്ലിനെ പൊതുവിൽ എതിർത്തു.

വഖഫ് കൗൺസിലിലും ബോർഡിലും അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയോടായിരുന്നു കൂടുതൽ എതിർപ്പ്. ബില്ലിനു മുൻകാല പ്രാബല്യമില്ലെന്നു സമ്മതിക്കുന്ന സർക്കാർ, ഇതു മുനമ്പത്തെ പ്രശ്നത്തിനു പൂർണ പരിഹാരം നൽകുമോയെന്നു സഭയിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്ച പുലർച്ചെ 1.56നാണ് ബിൽ ലോക്സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായില്ല. വഖഫ് കൗൺസിൽ ഘടന സംബന്ധിച്ച എൻ.കെ.പ്രേമചന്ദ്രന്റെ ഭേദഗതിനിർദേശം തള്ളി (231–288). എൻഡിഎയ്ക്ക് 293 അംഗങ്ങളും ഇന്ത്യാസഖ്യത്തിന് 3 സ്വതന്ത്രരടക്കം 236 അംഗങ്ങളുമാണ് ലോക്സഭയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *