Advertisement

പക്ഷിയിടിച്ച് ആകാശ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂജഴ്സി: പക്ഷി ഇടിച്ചതിനെ തുടർന്ന് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി.  ഫെഡ്‍എക്‌സ് കാർഗോ വിമാനമാണ് ഇറക്കിയത്. ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര  വിമാനത്താവളത്തിലാണ് സംഭവം. ചിറകിൽ തീജ്വാലകളുമായി വിമാനത്തിന്‍റെ ദൃശ്യം പുറത്തുവന്നു.

ബോയിങ് 767 കാർഗോ വിമാനത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമില്ല. ഭൂമിയിൽ നിന്ന് നൂറ് കണക്കിന് അടി ഉയരത്തിലാണ് സംഭവം നടന്നത്. വിമാനം ഇൻഡ്യാനാപൊളിസിലേക്ക് പോകുകയായിരുന്നെന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായെന്നും ഫെഡ്എക്‌സിന്‍റെ വക്താവ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

മറ്റൊരു ഫ്ലൈറ്റിലെ പൈലറ്റായ കെന്നത്ത് ഹോഫ്മാൻ തീപിടിച്ച വിമാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. തന്‍റെ ഫ്ലൈറ്റ് പറക്കവേ, എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അടിയന്തര സന്ദേശം കേട്ടെന്ന് പൈലറ്റ് പറയുന്നു. ഒരു വശത്ത്  തീജ്വാലകളുമായി വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങൾ ഉണ്ടായി. ഫെബ്രുവരി 6-ന് അലാസ്‌കയിൽ യാത്രാവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു, ജനുവരി 26 ന് നാഷണൽ എയർപോർട്ടിൽ സൈനിക ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസ് വിമാനവും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങളിലുമായുണ്ടായിരുന്ന 67 പേരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *