Advertisement

‘ഷഹബാസിനെ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാ കേസുണ്ടാകില്ല, തള്ളിപ്പോകും’; ക്രൂരം, ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങൾ പുറത്ത്. ആക്രണമത്തിന് ശേഷം നടന്ന ചാറ്റുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

‘ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും… അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം…’ തുടങ്ങി അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർത്ഥികളുടെ സന്ദേശം ആണ് പുറത്ത് വന്നത്. ‘കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പോലീസ് കേസ് എടുക്കില്ല…’ തുടങ്ങിയ കാര്യങ്ങളും വിദ്യാർഥികൾ സംസാരിക്കുന്നുണ്ട്.

കോഴിക്കോട്‌ താമരശ്ശേരിയിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി കഴിഞ്ഞ ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്‌. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘർഷത്തിലാണ്‌ തലയ്ക്ക് പരിക്കേറ്റത്‌.

സംഘർഷത്തിൽ ഉൾപ്പെട്ട കുറ്റാരോപിതരിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി. വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാവാത്തതിനാൽ തുടർനടപടിയുടെ ഭാഗമായി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11-ന് ഹാജരാവാൻ നിർദേശിച്ച് രക്ഷിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിടുകയുമായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷന്റെ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്നത്തെത്തുടർന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് രണ്ടു സ്കൂളിലെയും ട്യൂഷൻ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *