Advertisement

‘നിമിഷപ്രിയയുടെ സന്ദേശത്തിൽ വ്യക്തതയില്ല, ഈദിന് ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാധ്യത’

ദില്ലി: വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന നിമിഷപ്രിയയുടെ ശബ്ദ സന്ദേശത്തിൽ വ്യക്തതയില്ലെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി യമനിൽ ഇടപെടുന്ന സാമുവൽ പറഞ്ഞു. ജയിലിലേക്ക് ഒരു അഭിഭാഷക ഫോൺ ചെയ്ത് അറിയിച്ചുവെന്നാണ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ എടപ്പാളിനാണ് ശബ്ദ സന്ദേശം അയച്ചത്. യെമന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് മലയാളി നഴ്സ് നിമിഷപ്രിയ.

യമനിൽ ഇപ്പോൾ കോടതികൾ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാമുവൽ പറഞ്ഞു. ”അഭിഭാഷകനോട് സംസാരിച്ചെങ്കിലും വ്യക്തത കിട്ടിയില്ല. എന്നാൽ  ഈദിന്  ശേഷം എപ്പോൾ വേണമെങ്കിലും വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുണ്ട്.

അടുത്തയാഴ്ച വളരെ നിർണായകമാണ്. ഉന്നതതലത്തിലുള്ള ഇടപെടൽ അടിയന്തരമായി വേണം. കേന്ദ്രസർക്കാരിന്റെ ഒരു കത്ത് നിമിഷ പ്രിയയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. അത് ഉടനടി ലഭ്യമാക്കിയാൽ ചർച്ചകൾ വേഗത്തിൽ ആക്കാൻ കഴിയും. കത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ല.” നിമിഷ പ്രിയയുടെ  അമ്മ ഇപ്പോൾ യമനിൽ സാമുവലിന്റെ വീട്ടിലാണ് താമസിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടിയാണ് അമ്മ അവിടേക്ക് പോയത്. നിമിഷയുടെ മോചനത്തിന് കൂടുതൽ പണം ആവശ്യമാണെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും സാമുവൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *