ജിദ്ദ: സൗദി അറേബ്യയിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന മഴ അടുത്ത ആഴ്ചയിലെ ഈദുല്‍ ഫിത്തര്‍ വരെ തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകന്‍. റംസാന്‍ മാര്‍ച്ച് 29 വരെ തുടരുമെന്നും അന്ന് വൈകീട്ട് ശവ്വാല്‍ മാസപ്പിറവി കാണുവാനുള്ള സാധ്യത ഉണ്ടെന്നുമാണ് പ്രതീക്ഷിക്കുന്നത്. റംസാന്റെ തുടക്കത്തില്‍ ആരംഭിച്ച ഇപ്പോഴത്തെ കാലാവസ്ഥ ഈദ് വരെ തുടരുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ അഖീല്‍ അല്‍ അഖീല്‍ പറഞ്ഞു.
പ്രത്യേകിച്ച് രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലും മക്ക മേഖലയിലും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് അഖീല്‍ അല്‍ അഖീല്‍ പ്രവചിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ സൗദിയിലെ ഏഴ് പ്രദേശങ്ങളില്‍ ഇടിമിന്നല്‍, ആലിപ്പഴം, ദൃശ്യപരത കുറയ്ക്കുന്ന കാറ്റ് എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ പ്രവിശ്യ, റിയാദ്, നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അല്‍ ഖസീം, മദീന എന്നിവയുടെ ചില ഭാഗങ്ങളിലും തബൂക്ക് മേഖലയിലെ തീരപ്രദേശങ്ങളിലും മണല്‍ക്കാറ്റിന് കാരണമാകുന്ന സജീവമായ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ കനത്ത മഴ പെയ്തു.
കഴിഞ്ഞാഴ്ച സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ ശക്തമായ മഴ പെയ്തു. ഇത് ഏതാനും ഭാഗത്തു വെള്ളം കയറാന്‍ കാരണമായി. ജിദ്ദയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പെയ്ത പേമാരിയെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Leave a Reply