വിദേശ ജയിലുകളിൽ കഴിയുന്നത് 10,152 ഇന്ത്യൻ പൗരന്മാർ എന്ന് കേന്ദ്ര സർക്കാർ. നാല് വർഷത്തിനുള്ളിൽ 48 ഇന്ത്യക്കാർ വിദേശത്ത് വധശിക്ഷയ്ക്ക് വിധേയരായി. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് രാജ്യസഭയിൽ ഈ വിവരങ്ങൾ അവതരിപ്പിച്ചത്.
വിദേശ ജയിലുകളിലുള്ള ആകെ ഇന്ത്യക്കാരുടെ എണ്ണത്തിൽ 2,633 പേർ സൗദി അറേബ്യയിലാണ്. നേപ്പാളിലെ 1,317 പേരും ഉൾപ്പെടുന്നു. പാകിസ്ഥാൻ 266, ഖത്തർ 611, യുകെ 288, യുഎസ് 169, ചൈന 173, ബഹ്‌റൈൻ 181, ഇറ്റലി 168, കുവൈറ്റ് 387, മലേഷ്യ 338, ശ്രീലങ്ക 98 എന്നിങ്ങനെയാണ് വിചാരണ നേരിടുന്നതും ശിക്ഷിക്കപ്പെട്ടതുമായ ഇന്ത്യക്കാരുടെ എണ്ണം.
കുവൈറ്റ് 26, സൗദി അറേബ്യ 9, സിംബാബ്‌വെ 7, മലേഷ്യ 5, ജമൈക്ക 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ വധശിക്ഷക്ക് വിധേയരായ ഇന്ത്യൻ പൗരന്മാരുടെ എണ്ണം. 49 പേർ വധശിക്ഷ കാത്തിരിക്കുകയാണ് എന്നും കേന്ദ്രം വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച രാജ്യം യുഎഇയാണ്. 25 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്.
സൗദി അറേബ്യ 11, മലേഷ്യ 6, കുവൈറ്റ് 3 എന്നീ രാജ്യങ്ങളും ഇന്തോനേഷ്യ, ഖത്തർ, യുഎസ്, യെമൻ എന്നീ രാജ്യങ്ങളിൽ ഒരു ഇന്ത്യക്കാരനെങ്കിലും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. വിദേശ ജയിലുകളിലുള്ളവർ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ഭദ്രത, ക്ഷേമം എന്നിവയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
Leave a Reply