റിയാദ്: വഴി തെറ്റി അവശനായി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് സൈനിക ക്യാമ്പിന്റെ മതിൽ ചാടിക്കടന്ന യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്. റിയാദ് ഇസ്കാനിലെ ജയിലിന്റെ മതിലാണ് കണ്ണൂർ സ്വദേശിയായ യുവാവ് ചാടിക്കടന്നത്. കഴിഞ്ഞ ഡിസംബർ 28ന് തൊഴിൽ വിസയിൽ ജിദ്ദയിലെത്തിയതാണ് ഇയാൾ.
ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ തൊഴിലുടമ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചു. റിയാദ് എയർപോർട്ട് വഴിയുള്ള വിമാനത്തിലാണ് ടിക്കറ്റ് കിട്ടിയത്. ജിദ്ദയിൽനിന്നും ആഭ്യന്തര വിമാനത്തിൽ റിയാദിലെത്തി. എന്നാൽ, പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ലാതായി. രണ്ടുദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാഞ്ഞതിനാൽ ജിദ്ദ നവോദയ വഴി നാട്ടിലെ ബന്ധുക്കൾ റിയാദിലെ കേളി പ്രവർത്തകരെ ബന്ധപ്പെട്ടു.
കേളി ജീവകാരുണ്യ വിഭാഗം എയർപോർട്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ യുവാവിനെ അവശനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ജരീർ യൂനിറ്റംഗം ശ്രീലാലിന്റെ നേതൃത്വത്തിൽ രണ്ട് വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയതിന് ശേഷമാണ് ആളെ കണ്ടെത്തിയത്. ആകെ ഭയചകിതനായി കാണപ്പെട്ട യുവാവ് ആരോടും സംസാരിക്കാൻ തയാറായിരുന്നില്ല. രണ്ടുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ തീർത്തും അവശനുമായിരുന്നു. ജീവകാരുണ്യ കമ്മിറ്റി ജോയന്റ് കൺവീനർ നാസർ പൊന്നാനി അൽഖർജിൽനിന്നും റിയാദ് വിമാനത്താവളത്തിലെത്തി ഇയാളെ ഏറ്റെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ കൗൺസിലിങ്ങിനും ആറ് മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനും ശേഷം ആശുപത്രി വിട്ടു.
Leave a Reply