Advertisement

കാമുകി, സഹോദരന്‍, വല്ല്യച്ഛന്‍, വല്ല്യമ്മ, മുത്തശ്ശി; ഒറ്റ ദിവസം അഞ്ച് കൊലപാതകം, ഞെട്ടിക്കുന്ന കൂട്ടക്കൊല

തിരുവനന്തപുരം: ആറ് പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനവും. താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതിയുടെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നാല് പേരെ വെട്ടികൊലപ്പെടുത്തുകയും പാങ്ങോട് താമസിക്കുന്ന 88 വയസ്സുള്ള അച്ഛന്റെ മാതാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അഫാന്‍ ഒരു പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും പിന്നാലെ വൈകിട്ടോടെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. പെണ്‍സുഹൃത്തിനെയും പ്രതിയുടെ അമ്മയെയും സഹോദരനെയുമാണ് ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം.

അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. എന്താണ് പ്രതിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *