ജിദ്ദ: വിശുദ്ധ റമദാൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മക്കയിലും മദീനയിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. കൂടുതൽ തീർഥാടകരെത്താനുള്ള സാധ്യത കണക്കിലെടുത്ത് വൻ ഒരുക്കങ്ങളാണ് ഇരു ഹറമുകളിലും നടന്ന് വരുന്നത്. തിരക്ക് കുറക്കാൻ ഹറം പരിധിയിലെ പള്ളികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാൻ പൂർണ സജ്ജമായതായി ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ഇന്ന് പറഞ്ഞിരുന്നു. ഹറം പരിധിയിലെ പള്ളികളിലുള്ള നമസ്കാരത്തിനും തുല്യ പ്രതിഫലം ലഭിക്കുമെന്നും തിരക്ക് ഒഴിവാക്കാൻ മറ്റു പള്ളികളിലും നമസ്കരിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹറമുകളിലെ മുഴുവൻ നിർദ്ദേശങ്ങളും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന നൂറിലേറെ സ്ക്രീനുകൾ ഹറമിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. തീർത്ഥാടകരുടെ സേവനത്തിനായി 16 ഭാഷകളിൽ ഇവ ലഭ്യമാക്കും.
തിരക്ക് പരിഗണിച്ച് ഇരു ഹറമുകളിലെയും വിവിധ ജോലികൾക്കായി താൽക്കാലിക തൊഴിലാളികളെ ആവശ്യമുണ്ട്. ഉടനെ അപേക്ഷകൾ സമർപ്പിക്കണമെന്നും ഇരുഹറം കാര്യ വിഭാഗം അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കാണ് അവസരമുള്ളത്. മക്കയിലേയും മദീനയിലേയും ഹോട്ടലുകളിൽ ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി പരിശോധന നേരത്തെ ശക്തമാക്കിയിരുന്നു.
Leave a Reply