Advertisement

റിയാദ് സീസൺ: 300 ദമ്പതികളുടെ സമൂഹ വിവാഹം, കാറും വീടും സമ്മാനം, സൗജന്യ ഇന്റർനെറ്റ്

റിയാദ്: ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി 300 സൗദി ദമ്പതികളുടെ സമൂഹ വിവാഹം സംഘടിപ്പിച്ചു. റിയാദ് സീസൺ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷനിലെ സാമൂഹിക പ്രതിബദ്ധത സംരംഭങ്ങളുടെ ഭാഗമായാണ് “നൈറ്റ് ഓഫ് എ ലൈഫ് ടൈം” എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചത്. വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുത്ത ഓരോ നവദമ്പതികൾക്കും കാറും വീടും സമ്മാനമായി നൽകും.

അബുബക്കർ സേലം തിയറ്ററിൽ ചൊവ്വാഴ്ച ആഘോഷത്തിന്റെ ആദ്യ ദിനത്തിൽ പുരുഷന്മാരുടെ വിവാഹ ചടങ്ങുകൾ അരങ്ങേറി. സ്ത്രീകളുടെ ചടങ്ങ് ബുധനാഴ്ച റിയാദ് സീസണിലെ മുഹമ്മദ് അബ്ദു അരീനയിലായിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് സംഗീതകച്ചേരിയും അത്താഴവിരുന്നും ഉണ്ടായിരുന്നു. അബ്ദുല്ല റഷാദ്, ഫഹദ് അൽ-കുബൈസി, അയ്ദ് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം കലാകാരന്മാർ അവരുടെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് സദസ്സിനെ ആവേശഭരിതരാക്കി.

റിയാദ് സീസണിൽ വിവാഹിതരാകാൻ ഉദ്ദേശിക്കുന്ന യുവതീ യുവാക്കളോടുള്ള സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് 600 വധൂവരന്മാരുടെ സമൂഹവിവാഹം നടത്താൻ തീരുമാനിച്ചതെന്ന് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പറഞ്ഞു. സംരംഭം ആഘോഷത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. നവദമ്പതികൾക്ക് ഭവന പിന്തുണയും സൗജന്യ യാത്രാ സൗകര്യവും ഉൾപ്പെടുത്തി. കുടുംബ സ്ഥിരത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റമസാനിൽ നവദമ്പതികൾക്ക് സ്വകാര്യ ഭവനം അനുവദിക്കുന്നതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം പ്രഖ്യാപിച്ചു.

മെഗാ ചാരിറ്റി പരിപാടിയിൽ നിരവധി കമ്പനികൾ ദമ്പതികൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്തു. ഈ സേവനങ്ങളിൽ ആതിഥ്യം, ഡൈനിങ്, ഹാൾ അലങ്കാരങ്ങൾ, വധൂവരന്മാരുടെയും വധുവിന്റെയും വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കാപ്പിയും ചായയും, ഫാമിലി കൗൺസിലിങ് സെഷനുകളും ഉൾപ്പെടുന്നു. നവദമ്പതികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും സേവനങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *