Advertisement

‘ഇനി നീ പഠിച്ചിട്ട് കാര്യമില്ല, എത്രപഠിച്ചാലും പാസാക്കില്ല’; അനാമികയുടെ മരണത്തിൽ കോളേജിനെതിരേ ആരോപണം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പാളിനുമെതിരേ പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും. പ്രിന്‍സിപ്പാളിന്റെയും കോളേജ് മാനേജ്‌മെന്റിന്റെയും നിരന്തര മാനസികപീഡനംമൂലമാണ് കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആത്മഹത്യചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ അനാമികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കനക്പുരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. അനാമിക കോളേജില്‍ പ്രവേശിച്ചിട്ട് വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദം അനാമിക നേരിട്ടുവെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

‘ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തു. പിന്നെ ഓഫീസ് റൂമില്‍ പ്രിന്‍സിപ്പാള്‍ മേഡത്തിന്റെ ക്യാബിനില്‍ വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കുറേക്കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അനാമിക എന്നോടുവന്ന് സംസാരിച്ചിരുന്നു. ഇനി നീ പഠിച്ചിട്ട് കാര്യമില്ല. എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തുമെന്ന് പറഞ്ഞെന്നാണ് പറഞ്ഞത്’

ഹോസ്റ്റല്‍ മുറിയില്‍ രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ അനാമിക എഴുതിവെച്ചിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍, ഇതിലൊന്ന് മനേജ്‌മെന്റ് മാറ്റിയെന്നും സഹപാഠികള്‍ ആരോപിക്കുന്നു. അനാമികയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളേജില്‍ നടന്നത്.

ഇന്റേണല്‍ പരീക്ഷയ്ക്കിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡീന്‍ പറഞ്ഞുവെന്നും സഹപാഠികള്‍ ആരോപിക്കുന്നു. ഇതിനെത്തുടര്‍ന്ന് കോളേജില്‍ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണങ്ങള്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *