Advertisement

പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിജിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭോപാൽ: പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ ആഭരണങ്ങളുണ്ടായിരുന്നു. കൈകൾ കെട്ടി കഴുത്തിൽ കുരുക്കിട്ടിരുന്നു. ഇവർക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

വിവാഹിതനായ പട്ടിദാർ കഴിഞ്ഞ അഞ്ചു വർഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ പട്ടിദാർ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.

ഇൻഡോർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് 2023 ജൂണിലാണ് പട്ടിദാർ വാടകയ്ക്കെടുത്തത്. ഒരു വർഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു. വീട്ടിലെ പുതിയ താമസക്കാർ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ദുർഗന്ധമുണ്ടായപ്പോൾ താമസക്കാർ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിജിൽ മൃതദേഹം കണ്ടത്. തു‌ടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *