Advertisement

പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമം; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ച പ്രവാസിയെ പൊലീസ് അധികൃതർ പിടികൂടി. ജലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷാ പരിശോധന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വൃത്തിയില്ലാത്ത പരിസരത്ത്, മുന്നിൽ ഒരു മേശയിട്ട് പഴകിയ ഭക്ഷണ സാധനങ്ങളും ശുചീകരണ സാമ​ഗ്രികളും വിൽക്കുകയായിരുന്നു.

പൊലീസിനെ കണ്ടയുടൻ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്നയാളാണെന്നും ഏഷ്യൻ വംശജനാണെന്ന് വ്യക്തമായതായും അധികൃതർ പറഞ്ഞു.

കൂടുതൽ നിയമ നടപടികൾക്കും പ്രതിയെ നാടുകടത്തുന്നതിനായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികളെ പിടികൂടുന്നതിനായി സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത് അധികൃതർ.

ഈ മാസമാദ്യം നിലവിൽ വന്ന പുതിയ റസിഡൻസി നിയമം, നിയമലംഘകർക്ക് പിഴയടക്കാനും അനുരഞ്ജനത്തിനും അവസരമൊരുക്കുന്നുണ്ട്. എന്നാൽ, പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്ക് ഇത് ബാധകമല്ലെന്നും നിയമം കർശനമായി നടപ്പാക്കുന്നതിനും നിയമ ലംഘകരെ നാടുകടത്തുന്നതിനും യാതൊരു വിധ ഇളവുകളും നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *