ന്യൂഡൽഹി: ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും കൂടി കണക്കിലെടുക്കണമെന്നു സുപ്രീംകോടതി. ഡിഎൻഎ പരിശോധന നടത്തി ജൈവിക പിതാവിനെ കണ്ടെത്തണമെന്ന കൊച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലാണു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കേസ് ഇങ്ങനെ: 1989ലാണ് യുവാവിന്റെ മാതാവു വിവാഹിതയാകുന്നത്. ഇവർക്ക് 1991ൽ ഒരു മകളും 2001ൽ മകനും ജനിച്ചു. 2003 മുതൽ ഭർത്താവിൽനിന്ന് പിരിഞ്ഞു താമസിച്ച സ്ത്രീക്ക് 2006ൽ കോടതി വിവാഹമോചനം അനുവദിച്ചു. തുടർന്ന് താൻ നിയമപരമായി വിവാഹം കഴിച്ചയാളല്ല മകന്റെ പിതാവെന്നും ഔദ്യോഗിക രേഖകളിൽ മകന്റെ പിതൃസ്ഥാനത്തുനിന്ന് അദ്ദേഹത്തിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് മാതാവ് കൊച്ചി കോർപറേഷനെ സമീപിച്ചു.
തനിക്ക് അക്കാലത്തു വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ആ ബന്ധത്തിലാണ് മകൻ ജനിച്ചതെന്നുമായിരുന്നു മാതാവിന്റെ വാദം. എന്നാൽ കോടതി ഉത്തരവില്ലാതെ പേരുമാറ്റാനാകില്ലെന്ന് കോർപറേഷൻ അറിയിച്ചു. തുടർന്നാണ് യുവാവും മാതാവും കോടതിയെ സമീപിക്കുന്നത്. തുടർന്നാണ് ജൈവിക പിതാവ് ആരെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അനുമതി തേടി യുവാവും മാതാവും കോടതിയെ സമീപിച്ചത്.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പിതാവിൽനിന്നു ചെലവിനുള്ള പണം ലഭിക്കണമെന്നുമാണു മകന്റെ ആവശ്യം. അതേസമയം വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്നു തെളിയിക്കാൻ മാതാവിന് കഴിഞ്ഞില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഡിഎൻഎ പരിശോധനയ്ക്കു ശേഷം ജൈവിക പിതാവല്ലെന്നു കണ്ടെത്തിയാൽ ആ വ്യക്തിയുടെ അഭിമാനത്തിനും സ്വകാര്യതയ്ക്കും ഉണ്ടാകുന്ന കോട്ടവും കോടതി എടുത്തുപറഞ്ഞു.
‘‘നിർബന്ധിതമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകുമ്പോൾ ആ വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ സമൂഹം വിചാരണയ്ക്കു വിധേയമാക്കും. അത് ആ വ്യക്തിയുടെ അഭിമാനത്തെയും സമൂഹ–പ്രൊഫഷനൽ ജീവിതത്തെയും മാനസികാരോഗ്യത്തെയും വല്ലാതെ ബാധിക്കും. ഡിഎൻഎ പരിശോധനയ്ക്കു വിധേയനാകാൻ നിരസിക്കുന്നതടക്കം സ്വന്തം അഭിമാനത്തെയും സ്വകാര്യതയെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള അവകാശമുണ്ട്.’’–സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
Leave a Reply