Advertisement

പഞ്ചനക്ഷത്ര സൗകര്യത്തോടെ സൗദിയിൽ പുതിയ ട്രെയിൻ

  • മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക ഉത്തര റെയില്‍വെയില്‍

റിയാദ് – ലക്ഷ്വറി യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദിയില്‍ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് വരുന്നു. മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിനായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് (മരുഭൂമിയുടെ സ്വപ്നം) ട്രെയിനിന്റെ അന്തിമ രൂപകല്‍പനകള്‍ പൂര്‍ത്തിയാക്കിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. സമകാലിക ആഡംബരത്തിന്റെയും രാജ്യത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെയും സവിശേഷമായ സമന്വയമായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ അന്തിമ രൂപകല്‍പനകള്‍ പൂര്‍ത്തിയായതായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചത്.

ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കുന്ന സംയോജിത റെയില്‍വേ ശൃംഖല വികസിപ്പിക്കാന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും സൗദി അറേബ്യ റെയില്‍വെയ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ഗതാഗത, ടൂറിസം മേഖലക്ക് കരുത്തു പകരുന്ന നൂതന പരിഷ്കാരങ്ളാണ് സൗദി നടപ്പാക്കാനിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സൗദിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള അഭിലാഷമാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന അസാധാരണമായ യാത്രാനുഭവങ്ങള്‍ പുതിയ ട്രെയിൻ സമ്മാനിക്കും.

 

ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയുമായുള്ള പങ്കാളിത്തത്തിന്റെയും, സാംസ്‌കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ഡെവലപ്‌മെന്റ് അതോറിറ്റീസ് സപ്പോര്‍ട്ട് സെന്റര്‍ എന്നിവയുമായുള്ള അടുത്ത സഹകരണത്തിന്റെയും ഫലമാണ് ട്രെയിന്‍ രൂപകല്‍പന. സൗദിയില്‍ ആഡംബര ടൂറിസം അനുഭവങ്ങളില്‍ ആധികാരിക സൗദി ഐഡന്റിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിലക്ക് സൗദി സാംസ്‌കാരിക, പൈതൃക ഘടകങ്ങളെ ട്രെയിന്‍ രൂപകല്‍പന വിശദാംശങ്ങളില്‍ സമന്വയിപ്പിക്കാന്‍ ഈ വകുപ്പുകള്‍ പ്രവര്‍ത്തിച്ചതായും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.

സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും, ഗതാഗത മേഖലയും വിവിധ സാമ്പത്തിക, ടൂറിസം മേഖലകളും തമ്മിലുള്ള സംയോജനം വര്‍ധിപ്പിക്കുന്നതിലും സൗദി അറേബ്യ റെയില്‍വെയ്‌സ് വഹിക്കുന്ന മുന്‍നിര പങ്കിന്റെ പ്രതിഫലനമാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ പദ്ധതിയെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു.

രാജ്യത്ത് റെയില്‍വെ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നതിനപ്പുറം തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് വിശ്വസിക്കുന്നു. സാമ്പത്തിക വികസനത്തെ പിന്തുണക്കാനും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കാനും ശ്രമിച്ച് വിപുലമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കുന്നതിന് ആഗോള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ പദ്ധതി ഈ സമീപനത്തിന്റെ ഒരു പ്രായോഗിക രൂപമാണ്. ആഡംബര ഗതാഗത മേഖലയില്‍ സവിശേഷവും വ്യതിരിക്തവുമായ അനുഭവങ്ങള്‍ നല്‍കാന്‍ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ, ആഡംബരവും സുഖസൗകര്യങ്ങളും സമന്വയിപ്പിച്ച് അഭൂതപൂര്‍വമായ സേവനങ്ങള്‍ നല്‍കും. റെയില്‍വെ വഴി ആഡംബര യാത്രാനുഭവങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യയെ മുന്‍നിരയിലെത്തിക്കാനും പദ്ധതി സഹായിക്കുമെന്ന് ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു.

പതിനാലു ബോഗികളിലായി 34 ആഡംബര സ്യൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഈ തീവണ്ടി അതിഥികള്‍ക്ക് ഒരു പ്രത്യേക അനുഭവം പ്രദാനം ചെയ്യും. ആതിഥ്യമര്യാദയുടെയും ഉയര്‍ന്ന നിലവാരമുള്ള രൂപകല്‍പനയുടെയും ഉന്നത നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന ചലിക്കുന്ന ആഡംബര ലക്ഷ്യസ്ഥാനമായിട്ടാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃകങ്ങളും പ്രകൃതിദത്ത അടയാളങ്ങളും അടുത്തറിയാന്‍ സഹായിക്കുന്ന നിലക്ക്, റിയാദില്‍ നിന്ന് ആരംഭിക്കുന്ന ഉത്തര റെയില്‍വെ ശൃംഖലയിലൂടെയുള്ള അസാധാരണമായ സര്‍വീസിലൂടെയാണ് ഈ ട്രെയിന്‍ അതിഥികളെ കൊണ്ടുപോവുക.

സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച്, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സമ്പന്നമായ സാംസ്‌കാരിക പരിപാടികള്‍ ട്രെയിനില്‍ സംഘടിപ്പിക്കും. ഡെവലപ്‌മെന്റ് അതോറിറ്റീസ് സപ്പോര്‍ട്ട് സെന്ററുമായും സൗദി ടൂറിസം അതോറിറ്റിയുമായും ഏകോപിപ്പിച്ച് വികസിപ്പിക്കുന്ന അതുല്യമായ ടൂറിസം പരിപാടികള്‍ അഭൂതപൂര്‍വമായ രീതിയില്‍ സൗദി പൈതൃകത്തിന്റെ ഹൃദയം തൊട്ടറിയുന്ന സംയോജിത അനുഭവം യാത്രക്കാര്‍ക്ക് ഉറപ്പാക്കും.

ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അലിന്‍ അസ്മര്‍ ദമാനും കള്‍ച്ചര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ട്രെയിനിന്റെ ഇന്റീരിയര്‍ ഡിസൈന്‍, അസാധാരണവും ശ്രദ്ധാപൂര്‍വ്വം രൂപകല്‍പന ചെയ്തതുമായ വിശദാംശങ്ങളിലൂടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത സൗദി മജ്‌ലിസുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അലങ്കരിച്ച ആഡംബര സ്വീകരണ ഹാളുകള്‍ ട്രെയിനില്‍ ഉള്‍പ്പെടുന്നു. സ്വീകരണ ഹാളുകള്‍ അലങ്കരിക്കുന്ന, മരത്തില്‍ കൈകൊണ്ട് കൊത്തിയെടുത്ത കരകൗശല വസ്തുക്കളും ജ്യാമിതീയ പാറ്റേണുകളും ആധികാരിക സൗദി ആതിഥ്യമര്യാദയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കും.

പ്രാദേശിക, അന്തര്‍ദേശീയ പാചക വിദഗ്ധരുടെ സഹകരണത്തോടെ മികച്ച ഭക്ഷണാനുഭവം പ്രദാനം ചെയ്യുന്നതിനാല്‍, ചാരുതയും പൈതൃക സ്വഭാവവും സംയോജിപ്പിക്കുന്ന അന്തരീക്ഷം റെസ്റ്റോറന്റ് കാര്‍ട്ടിനെ വ്യത്യസ്തമാക്കും. സൗദി അറേബ്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ അടയാളങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരം ട്രെയിന്‍ ഇടനാഴികള്‍ മനോഹരമാക്കും.

Leave a Reply

Your email address will not be published. Required fields are marked *