Advertisement

കുരങ്ങുകളുടെ ആക്രമണം; ഓടിരക്ഷപ്പെടവേ പടിക്കെട്ടില്‍‌ നിന്ന് തള്ളിയിട്ടു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

കുരങ്ങ് തള്ളിയിട്ടതിനെത്തുടര്‍ന്ന് പരുക്കേറ്റ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പത്താംക്ലാസുകാരിയുടെ വീട്ടില്‍ വച്ചായിരുന്നു കുരങ്ങിന്‍റെ ആക്രമണം. വീടിനു മുകളില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ടമായെത്തിയ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയിലാണ് ദാരുണ സംഭവം.

തണുത്ത കാലാവസ്ഥയായതിനാല്‍ വീടിനുമുകളില്‍ വെയിലുകൊണ്ട് പഠിക്കാനിരുന്നതാണ് മരിച്ച പ്രിയ കുമാരി എന്ന പെണ്‍കുട്ടി. ഇതിനിടെ ഒരു കൂട്ടം കുരങ്ങുകള്‍ ഇവിടേക്കെത്തി. ആക്രമിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ഭയന്നു. ഇത് കണ്ടുകൊണ്ടുവന്ന നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടിയോട് താഴേക്ക് ഓടിയിറങ്ങാന്‍ പറഞ്ഞു. ധൈര്യം സംഭരിച്ച് പടിക്കെട്ടുവഴി ഓടിയിറങ്ങവേ ഒരു കുരങ്ങന്‍ ചാടിവീണ് പെണ്‍കുട്ടിയെ പടിക്കെട്ടില്‍ നിന്ന് ബലമായി തള്ളിത്താഴെയിടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

തലയുടെ പിന്‍വശം ഇടിച്ചാണ് പ്രിയ താഴേക്ക് വീണത്. ശരീരമാസകലം ചതവുകളുമേറ്റു. വീണപ്പോള്‍ തന്നെ പ്രിയയുടെ ബോധം പോയിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലയിലും ശരീരത്തിലുമുണ്ടായ ഒന്നിലേറെ ഗുരുതര പരുക്കുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിച്ചില്ല എന്നും ഭഗ്‌വാന്‍പുര്‍ എസ്എച്ച്ഓ സുജിത്ത് കുമാര്‍ ചൗധരി വ്യക്തമാക്കി. സംഭവമറിഞ്ഞ് പ്രദേശത്ത് അന്വേഷണത്തിനായി പോയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടുകാര്‍ക്കിടയിലും സംഭവം വലിയ ഞെട്ടലും വേദനയുമാണുണ്ടാക്കിയിരിക്കുന്നത്. കുറച്ചുനാളുകളായി പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് ചിലര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *