Advertisement

10.23 കോടി രൂപയുടെ അധിക ബാധ്യത; പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട്

 

തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തല്‍. ഇടപാടില്‍ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായി. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി പി.പി.ഇ കിറ്റ് വാങ്ങിയെന്നും കണ്ടെത്തലിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തല്‍. ഇന്ന് നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

അഞ്ച് കമ്പനികളാണ് 800 രൂപ മുതല്‍ 1550 രൂപവരെ കോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. അങ്ങനെ ഇളവ് നല്‍കിയപ്പോള്‍ 545 രൂപയാണ് ഒരു യൂണിറ്റിന്റെ നിരക്കായി തീരുമാനിച്ചത്. ഇത് 2020 മാര്‍ച്ച് മാസത്തിലെ നിരക്കാണ്. 550 രൂപയ്ക്ക് പി.പി.ഇ കിറ്റ് നല്‍കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരുന്നു. അവരില്‍ നിന്ന് 25000 പി.പി.ഇ കിറ്റ് വാങ്ങാമെന്നാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്തത്. പക്ഷെ 10000 നുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ മാത്രമേ നല്‍കിയിരുന്നുള്ളു.

ഒരുമാസം കഴിഞ്ഞ് ഈ കമ്പനിയെ ഒഴിവാക്കി മറ്റ് കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് നിരവധി കിറ്റുകള്‍ വാങ്ങിയത്. 550 രൂപയ്ക്ക് കിറ്റ് നല്‍കാമെന്ന് പറഞ്ഞ കമ്പനിയെ ഒഴിവാക്കി 800 മുതല്‍ 1550 രൂപവരെ നിരക്കിട്ട കമ്പനികളില്‍ നിന്നാണ് പിന്നീട് കിറ്റുകള്‍ വാങ്ങിയത്. ഇതുവഴി 10.23 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *