ന്യൂയോർക്ക്: യു.എസിലുടനീളം ദശാബ്ദത്തിനിടെ ആഞ്ഞടിച്ച വൻ ശീതകാലക്കൊടുങ്കാറ്റിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. മേരിലാൻഡ്, വിർജീനിയ, വെസ്റ്റ് വിർജീനിയ, കൻസാസ്, മിസോറി, കെൻ്റക്കി, അർക്കൻസാസ് എന്നിവയടക്കം ഏഴു സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2,300ലധികം ഫ്ലൈറ്റുകൾ റദ്ദാക്കി. 9,000ത്തോളം വിമാനങ്ങളുടെ കാലതാമസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തരധ്രുവത്തെ വലയം ചെയ്ത മഞ്ഞിനാലുള്ള തണുത്ത വായുവിന്റെ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അതികഠിനമായ കാലാവസ്ഥയാണ് യു.എസിനെ വലക്കുന്നത്. ഇത് കൂട്ടത്തോടെ സ്കൂൾ അടച്ചുപൂട്ടുന്നതിനും യാത്രാ തടസ്സങ്ങൾക്കും പവർകട്ടിനും കാരണമായി. കൊടുങ്കാറ്റിന്റെ പാതയിൽ വരുന്ന സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച രാത്രി 200,000ത്തിലധികം വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. കൊടുങ്കാറ്റു മൂലം വാഷിംങ്ടൺ ഡി.സിയിലുടനീളം ഓഫിസുകളും സ്കൂളുകളും അടഞ്ഞുകിടന്നു.
ചൊവ്വാഴ്ച വടക്കു-കിഴക്കൻ യു.എസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞും മഴയും തുടരുമെന്നാണ് നാഷനൽ വെതർ സർവിസിന്റെ പ്രവചനം. മഴ പിന്നീട് വഴിമാറുമെങ്കിലും തണുത്ത ആർട്ടിക് ധ്രുവ വായു മൂലം രാജ്യത്തിന്റെ ഒരു ഭാഗം ആഴ്ചകളോളം മഞ്ഞുമൂടിക്കിടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാഷിംങ്ടൺ ഡി.സി 5 മുതൽ 9വരെ ഇഞ്ച് മഞ്ഞ് മൂടിക്കിടക്കുകയാണ്. അടുത്തുള്ള മേരിലാൻഡിന്റെയും വിർജീനിയയുടെയും ചില ഭാഗങ്ങളിൽ ഒരു അടി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വാഷിംങ്ടൺ സ്മാരകത്തിന് മുന്നിൽ നൂറുകണക്കിന് പ്രദേശവാസികൾ ഒരു ‘സ്നോബോൾ ഫൈറ്റി’നായി ഒരു പ്രാദേശിക പാർക്കിൽ ഒത്തുകൂടി. ഇവിടുത്തെ15 വർഷം പഴക്കമുള്ള പാരമ്പര്യമാണിത്.
ശീതകാല അവധിക്കു ശേഷം തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങേണ്ടിയിരുന്ന കുട്ടികൾ മഞ്ഞ് ദിനം ആസ്വദിക്കുകയായിരുന്നു. യു.എസിന്റെ മറ്റു ഭാഗങ്ങളിൽ ശീതകാല കൊടുങ്കാറ്റ് റോഡുകളെ അപകടകരമായ അവസ്ഥയിലാഴ്ത്തി. മിസോറിയിൽ ഞായറാഴ്ച മാത്രം 365 പേരെങ്കിലും അപകടത്തിൽപ്പെട്ടതായും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ഒരാളെങ്കിലും മരിക്കുകയും ചെയ്തതായി സംസ്ഥാന ഹൈവേ പട്രോളിംഗ് അറിയിച്ചു.
ഏറ്റവും കൂടുതൽ നാശം വിതച്ച സംസ്ഥാനങ്ങളിലൊന്നായ കൻസാസിൽ കൊടുങ്കാറ്റിനിടെയുണ്ടായ കാർ അപകടത്തിൽ രണ്ടു പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റണിൽ ബസ് സ്റ്റോപ്പിന് മുന്നിൽ തണുത്തു മരവിച്ച് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
വിർജീനിയയിൽ ഞായറാഴ്ച അർധരാത്രിക്കും തിങ്കളാഴ്ച രാവിലെക്കും ഇടയിൽ 300 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വലിയ പാതകളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കാൻ അധികൃതർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
32 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് കൻസാസ് സിറ്റി കണ്ടതെന്ന് കാലാവസ്ഥാ ആപ്പ് മൈറഡാറിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകനായ മാത്യു കപ്പൂച്ചി പറഞ്ഞു. ‘മഞ്ഞു നീക്കുന്ന കലപ്പകൾ കുടുങ്ങുന്നു. പൊലീസ് കുടുങ്ങുന്നു, എല്ലാവരും കുടുങ്ങുന്നു. വീട്ടിൽ തന്നെ തുടരുക’ -അദ്ദേഹം പറഞ്ഞു.
യു.എസിൽ ശീതക്കൊടുങ്കാറ്റിൽ അഞ്ചു മരണം: ഏഴു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ; 2,300ലധികം ഫ്ലൈറ്റുകൾ റദ്ദാക്കി

Leave a Reply