Advertisement

റയലിനെ വീഴ്ത്തി 15ാം സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്

ജിദ്ദ: റയല്‍ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയ ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്താണ് ഹാന്‍സി ഫ്ളിക്കിന്റെ സംഘം കിരീടമുയര്‍ത്തിയത്. ബാഴ്സയുടെ 15-ാം സൂപ്പര്‍ കപ്പ് കിരീട നേട്ടമാണിത്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് കിരീടങ്ങളെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ബാഴ്സ പരിശീലകനെന്ന നിലയില്‍ ഹാന്‍സി ഫ്ളിക്കിന്റെ ആദ്യ കിരീടമാണിത്.

ഫുട്ബോള്‍ ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മത്സരം ബാഴ്സ വരുതിയിലാക്കിയിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ കിലിയന്‍ എംബാപ്പെയിലൂടെ മുന്നിലെത്തിയ റയല്‍, പകരം വീട്ടലിന് ഒരുങ്ങുകയാണെന്ന തോന്നലുണര്‍ത്തിയെങ്കിലും ആ പ്രതീക്ഷ നീണ്ടത് ഏതാനും മിനിറ്റുകള്‍ മാത്രമാണ്. ഒക്ടോബറില്‍ റയലിന്റെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ അവരെ 4-0ന് തകര്‍ത്ത ബാഴ്സപ്പടയെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. 22-ാം മിനിറ്റില്‍ ലമിന്‍ യമാലിലൂടെ സമനില പിടിച്ച ബാഴ്സ പിന്നീട് 36-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പെനാല്‍റ്റിയിലൂടെ ലീഡെടുത്തു.

രണ്ടാം ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് 39-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാന്‍ഡ്രോ ബാല്‍ഡേ കൂടെ സ്‌കോര്‍ ചെയ്തതോടെ 4-1ന് മുന്നിലെത്തിയ ബാഴ്സ ആദ്യ പകുതിക്കു മുമ്പു തന്നെ മത്സരത്തിന്റെ വിധിയെഴുതിയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റഫീഞ്ഞ്യ മത്സരത്തിലെ തന്റെ രണ്ടാം ഗോളും (48′) നേടിയതോടെ റയല്‍ 5-1 എന്ന നിലയില്‍ പിന്നിലായി മറ്റൊരു നാണക്കേട് മുന്നില്‍ക്കണ്ടു. പക്ഷേ ബോക്സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി അവര്‍ 10 പേരായി ചുരുങ്ങിയത് റയലിന് രക്ഷയായി.

ഈ ഫൗളിന് റഫറി വിധിച്ച ഫ്രീ കിക്ക് വലയിലാക്കി റോഡ്രിഗോ 60-ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 56 മിനിറ്റോളം ആക്രമിച്ച് കളിച്ച ബാഴ്സയുടെ തകര്‍പ്പന്‍ പ്രതിരോധക്കളിക്കാണ് പിന്നീട് സ്റ്റേഡിയം സാക്ഷിയായത്. 10 പേരുമായി റയലിന്റെ വമ്പന്‍ താരങ്ങള്‍ക്കെല്ലാം ബാഴ്സ പൂട്ടിട്ടു. 10 പേരായി ചുരുങ്ങിയ ബാഴ്സയ്ക്കെതിരേ പിന്നീട് കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും നടത്താന്‍ സാധിക്കാതെയാണ് റയല്‍ കലാശപ്പോര് പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *